മുംബൈ: രാജ്യത്തെ വിറപ്പിച്ച അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി’ കമ്പനിയെ പൂട്ടാനൊരുങ്ങി മുംബൈ പോലീസ്. ദാവൂദിന്റെ സഹോദരപുത്രന് റിസ്വാനേയും ‘ഡി’ കമ്പനിയുടെ ഹവാല ഇടപാടുകാരനേയും മുംബൈ പോലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കുപ്രസിദ്ധമായ ‘ഡി’ കമ്പനിയുടെ ഇന്ത്യയിലെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇയാളില്‍നിന്നു ലഭിച്ചെന്നാണ് സൂചന.
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇക്ബാല്‍ കസ്കറിന്റെ മകനായ റിസ്വാനെ അതീവരഹസ്യമായ നീക്കത്തിലൂടെയാണ് മുംബൈ പോലീസ് കുടുക്കിയത്. ‘ഡി’ കമ്പനിയെ പൂട്ടാനായി വലവിരിച്ച പോലീസിനെ വെട്ടിക്കാന്‍ കഴിയാതെ കീഴടങ്ങുകയായിരുന്നു റിസ്വാന്. രാജ്യം വിടാന്‍ ശ്രമിക്കവെയാണ് റിസ്വാന് പിടിയിലായതെന്ന് പോലീസ് പറയുന്നു. ഹവാല പണമിടപാട്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ എന്നീ കേസുകളില്‍ പ്രതിയായ റിസ്വാനെ ഇന്നലെ രാത്രി മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്.
ദാവൂദിന്റെ വിശ്വസ്തനും ഛോട്ടാ ഷക്കീലിന്റെ അനുയായിയുമായ അഹമ്മദ് റാസയും മുംബൈ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ അഹമ്മദ് റാസയെ മുംബൈ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ദാവൂദിന്റെ അടുത്ത അനുയായി ഫാഹിം മച്ച്മച്ചിന് ഛോട്ടാ ഷക്കീലിന്റെ നിര്‍ദേശങ്ങള്‍ കൈമാറി ഡി കമ്പനിയുടെ ഹവാല ബന്ധം ശക്തിപ്പെടുത്തിയിരുന്നത് ഇയാളാണെന്ന് പോലീസ് പറയുന്നു.
Discussion about this post