ഗാന്ധിനഗര്‍: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അല്‍പേഷ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്ത് ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വഖാനിയില് നിന്ന് അംഗത്വം സ്വീകരിച്ചു. അല്‍പേഷിന്റെ സുഹൃത്തും മറ്റൊരു മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ധവാല്‍സിംഗ് സാലയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
സാമൂഹ്യപ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച താക്കൂര്‍ ഗുജറാത്ത് ക്ഷത്രിയ താക്കൂര്‍ സേന രൂപീകരിച്ചാണ് മുഖ്യധാരയിലേക്കു വന്നത്. ഒബിസി, എസ്സി, എസ്.ടി ഏക്താ മഞ്ച് രൂപീകരിച്ച താക്കൂര്‍ സംവരണത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി. 2015-ല്‍ മെഹ്സാന ജില്ലയില്‍ ഒബിസി സമ്മേളനം സംഘടിപ്പിച്ചതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
രാഹുല്‍ ഗാന്ധി പ്രത്യേക താല്പര്യമെടുത്താണ് 2017 ഒക്ടോബറില്‍ അല്‍പേഷിനെ കോണ്‍ഗ്രസില്‍ എത്തിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രധന്‍പൂരില്‍ മത്സരിച്ചു വിജയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ബിഹാര്‍ ഇന്‍ചാര്‍ജ് ആയി താക്കൂറിനെ രാഹുല്‍ ഗാന്ധി നിയോഗിച്ചിരുന്നു. എന്നാല്‍, തനിക്ക് ഗുജറാത്തിന്റെ ചുമതല നല്‍കണമെന്നാവശ്യപ്പെട്ട താക്കൂര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. തന്റെ അനുയായികളെ ഗുജറാത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചുവെന്ന തോന്നലുണ്ടെന്നും സംസ്ഥാനത്തെ നേതൃത്വം ദുര്‍ബലമാണെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഏപ്രില്‍ പത്തിനാണ് താക്കൂര്‍ കോണ്‍ഗ്രസ് പദവികളും അംഗത്വവും രാജിവെച്ചത്. പാര്‍ട്ടിയുടെ വഞ്ചനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് തീരുമാനം എന്നാണ് രാജിക്കത്തില്‍ പറഞ്ഞത്.
Discussion about this post