ബംഗളൂരു: കർണാടക സഖ്യസർക്കാരിന്റെ വിശ്വാസപ്രമേയത്തിന് കളമൊരുങ്ങുന്നതിനിടെ, ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ”സഖ്യസർക്കാർ നിലനിൽക്കുമോ എന്നതല്ല പ്രധാനം, ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചന ചർച്ച ചെയ്യേണ്ടുണ്ട്”- എന്ന് കുമാരസ്വാമി വിശ്വാസപ്രമേയം നിയമസഭയിലവതരിപ്പിക്കവെ വ്യക്തമാക്കി. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സഖ്യസർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയാനാണ് താനിവിടെ നിൽക്കുന്നത്. സ്പീക്കറുടെ അധികാരത്തിന് പോലും ഭീഷണിയിലാകുന്ന തരത്തിലാണ് ചില നിയമസഭാംഗങ്ങൾ പെരുമാറിയതെന്നും കുമാരസ്വാമി വിമതരെ വിമർശിച്ചുകൊണ്ട് പറഞ്ഞു.
ബിജെപി നേതാവ് എന്തിനാണ് വിശ്വാസവോട്ടെടുപ്പ് വേഗത്തിലാക്കാൻ ധൃതികൂട്ടുന്നതെന്നും കുമാരസ്വാമി ചോദിച്ചു. നിരവധി എംഎൽഎമാർ തന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരാണെന്ന് അറിയിച്ചിട്ടുണ്ട്. ചിലർക്ക് തന്നോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ തനിക്ക് ആത്മാഭിമാനം ബാക്കിയുണ്ട്. സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന് ഉത്തരവാദികൾ ആരാണ് എന്ന കാര്യത്തിലാണ് ഇവിടെ വ്യക്തത വരുത്താനുള്ളതെന്നും കുമാരസ്വാമി വ്യക്തമാക്കി.
Discussion about this post