ന്യൂഡല്‍ഹി: കുല്ഭൂഷന് ജാദവ് കേസില്‍ ഇന്ത്യയ്ക്ക് നീതി. ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി തടഞ്ഞു. 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായ നിലപാടെടുത്തു. കുല്‍ഭൂഷനെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ അനുവദിക്കണം. പാകിസ്താന് വിയന്ന ഉടമ്പടി ലംഘിച്ചെന്ന് കോടതി അഭിപ്രായപ്പെട്ടു. വധശിക്ഷ പുന:പ്പരിശോധിക്കാന്‍ കോടതി പാകിസ്താനോട് ആവശ്യപ്പെട്ടു. പാകിസ്താന് സൈനിക വിധിക്കെതിരെ ഇന്ത്യ നല്കിയ ഹര്‍ജിയിലാണ് നടപടി. ഹേഗിലെ രാജ്യാന്തര മധ്യസ്ഥ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ചാരനെന്ന് മുദ്രക്കുത്തി 2017 ഏപ്രിലിലാണ് പാകിസ്താന് പട്ടാള കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചത്. കുല്‍ഭൂഷണിന്റെ പേരില്‍ കുറ്റസമ്മത മൊഴിയും പാകിസ്താന് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു.
ഏതൊരു വിദേശതടവുകാരനും ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ നിഷേധിച്ചതോടെ പാകിസ്താനെതിരെ ഇന്ത്യ രാജ്യാന്തര മധ്യസ്ഥ കോടതിയെ സമീപിച്ചു. കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഫെബ്രുവരിയില്‍ നാല് ദിവസം തുറന്ന കോടതിയില്‍ വാദം കേട്ടു.
2017 ഡിസംബറില്‍ കുല്‍ഭൂഷണിന്റെ മാതാവിനും ഭാര്യക്കും അദ്ദേഹത്തെ കാണാന്‍ പാകിസ്താന് അവസരം നല്‍കിയിരുന്നു. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ വച്ചാണ് കുല്‍ഭൂഷനെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്താന് വാദം.
മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരായത്. കുല്ഭൂഷണൊപ്പം ഇന്ത്യപാക് നയതന്ത്ര ബന്ധത്തിന്റെ ഭാവി കൂടിയാണ് ഈ വിധിയോടെ നിശ്ചയിക്കപ്പെട്ടത്.
Discussion about this post