ന്യൂഡല്‍ഹി: വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. കൂറുമാറിയ എംഎല്‍എമാര്‍ക്കു സംരക്ഷണം നല്‍കുന്നതാണ് വിധിയെന്നും, വിപ്പ് അസ്ഥിരപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവും, മോശമായ ജുഡീഷ്യല്‍ കീഴ് വഴക്കം സൃഷ്ടിക്കുന്നതാണ് വിധിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും ട്വീറ്റ് ചെയ്തു.
എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്കു തീരുമാനമെടുക്കാമെന്ന് ഉത്തരവിട്ട സുപ്രീംകോടതി, സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നും പരാമര്‍ശിച്ചിരുന്നു. ഇതിനെതിരയാണ് കോണ്‍ഗ്രസ് രംഗത്ത് വന്നത്.
ജനവിധിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എംഎല്‍എമാര്‍ക്ക് കണ്ണടച്ചു സംരക്ഷണം നല്‍കുകയാണ് കോടതി ചെയ്തിരിക്കുന്നത്. വിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ നിയമ നിര്‍മ്മാണ സഭയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയാണ് കോടതി ചെയ്തത്. ഇത് അധികാര പരിധി വിട്ടുള്ള കടന്നുകയറലാണ്-സുര്‍ജേവാല പറഞ്ഞു.
Discussion about this post