പദ്ധതികളുടെ പേരില്‍ പൊടിച്ചത് കോടികള്‍; വസുന്ധര രാജെ സര്‍ക്കാരിന്റെ ധൂര്‍ത്തടിയില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്

വിതരണം ചെയ്തത് ലാപ്ടോപ്പ് തുറന്നാല്‍ വസുന്ധരാ രാജെയുടെ ചിത്രം സ്‌ക്രീനില്‍ വരുന്ന ഇന്‍ബില്‍ട്ട് സോഫ്റ്റുവെയര്‍ കൂടിയ ലാപ്‌ടോപ്പ് ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജയ്പൂര്‍: ഓരോ പദ്ധതികളുടെയും പേരില്‍ വസുന്ധര രാജെ സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിജെപി സര്‍ക്കാരിന്റെ ധൂര്‍ത്തടിയില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിയായ ഭമാഷാ യോജനയുടെ ഭാഗമായി വിതരണം ചെയ്ത കാര്‍ഡുകള്‍ക്ക് വേണ്ടി 300 കോടിയിലേറെ രൂപ ചിലവഴിച്ചതും അശോക് ഗെഹ്‌ലോട്ട് ചോദ്യം ചെയ്തു.

സൗജന്യ ലാപ്ടോപ്പുകള്‍ വിതരണം ചെയ്യാന്‍ തന്റെ സര്‍ക്കാറിന് 80 കോടി രൂപയാണ് ചിലവായതെന്നും, എന്നാല്‍ ബിജെപി ഇതിനായി 250 കോടിയാണ് ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിതരണം ചെയ്തത് ലാപ്ടോപ്പ് തുറന്നാല്‍ വസുന്ധരാ രാജെയുടെ ചിത്രം സ്‌ക്രീനില്‍ വരുന്ന ഇന്‍ബില്‍ട്ട് സോഫ്റ്റുവെയര്‍ കൂടിയ ലാപ്‌ടോപ്പ് ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വസുന്ധരാ രാജെ സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ സംസ്ഥാനത്തിന് വലിയ നഷ്ടമാണ് വരുത്തിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജയ്പൂരില്‍ ഡാറ്റ സെന്റര്‍ ഭമാഷായുണ്ടാവുന്നത് നല്ല കാര്യമാണ്. പക്ഷേ അതിനുവേണ്ടി 500 കോടി ചെലവഴിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍ജന്റ് രാജസ്ഥാനുവേണ്ടി തുക ചെലവഴിച്ചതിലും ക്രമക്കേടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

Exit mobile version