ന്യൂഡല്‍ഹി; കര്‍ണാടകാ സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് പരാതിപ്പെട്ട് വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് 15 എംഎല്‍എമാരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതെസമയം, രാജി കത്ത് സ്വീകരിക്കുന്ന കാര്യത്തിലും എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിലും ഒരേ സമയം തീരുമാനം എടുക്കാന്‍ അനുവദിക്കണം എന്ന കര്‍ണാടക സ്പീക്കറുടെയും, കര്‍ണാടക മുഖ്യമന്ത്രിയുടെയും ആവശ്യത്തിലും ഉള്ള നിലപാടും നാളെ കോടതി വിധിയില്‍ വ്യക്തമാക്കും.
സ്പീക്കറുടെയും, കര്‍ണാടക മുഖ്യമന്ത്രിയുടെയും ആവശ്യത്തിലുള്ള, കോടതിയുടെ നിലപാട് പോലെയിരിക്കും കര്‍ണാടക സഖ്യ സര്‍ക്കാരിന്റെ ആയുസ്സ്. രാജി ആദ്യം അംഗീകരിക്കാനും, പിന്നീട് അയോഗ്യത സംബന്ധിച്ച തീരുമാനവും എന്ന നിലപാട് കോടതി സ്വീകരിച്ചാല്‍ കുമാരസ്വാമി സര്‍ക്കാര്‍ ഉടന്‍ വീഴും.
എന്നാല്‍, ഒരേ സമയം രാജി കത്ത് സ്വീകരിക്കാനും, അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കാനും സ്പീക്കര്‍ക്ക് അനുമതി നല്കിയാല് അത് സഖ്യത്തിന് വലിയ ആശ്വാസമായിരിക്കും. അങ്ങനെ ഒരു നിര്‍ദേശം കോടതി മുന്നോട്ട് വച്ചാല്‍ ഇപ്പോള്‍ കൂറ് മാറിയ ചില എംഎല്‍എമാര്‍ തിരിച്ച് വരുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. അങ്ങനെയെങ്കില്‍ ചുരുങ്ങിയത് 8 എംഎല്‍മാര്‍ തിരിച്ചേത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
Discussion about this post