ഗാന്ധി നഗര്‍: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കോപ്പിയടിയില്‍ നടുങ്ങിയിരിക്കുകയാണ് ഗുജറാത്ത് സെക്കന്ററി ഹയര്‍സെക്കന്ററി ബോര്‍ഡ് അധികൃതര്‍. ഇത്തവണ പ്ലസ്ടു പരീക്ഷയില്‍ 959 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. എഴുതിയ എല്ലാവരുടെയും ഉത്തരം ഒന്ന് തന്നെ, കൂടാതെ വരുത്തിയതാകട്ടെ ഒരേ തെറ്റുകളും. ജുനഗഡ്, ഗിര്‍സോമനാഥ് ജില്ലയിലാണ് കൂടുതല്‍ കോപ്പിയടി നടന്നിട്ടുള്ളത്.
959 വിദ്യാര്‍ത്ഥികളുടെയും ഉത്തര കടലാസ് ഒരുപോലെ ഇരിക്കുകയായിരുന്നു. ചെറിയ തെറ്റുകള്‍ പോലും സമാനമായ രീതിയിലാണ് എല്ലാവരും വരുത്തിയിരിക്കുന്നത്. ഒരു പരീക്ഷാകേന്ദ്രത്തിലെ 200 വിദ്യാര്‍ത്ഥികളും എഴുതിയ ഉപന്യാസവും ഒന്ന് തന്നെയായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെയും എല്ലാം അതേപടി തന്നെയായിരുന്നു. അക്കൗണ്ടിങ്ങ്, സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോപ്പിയടി നടന്നിരിക്കുന്നത്. ഇതോടെ പരീക്ഷ റദ്ദാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
ഇതോടൊപ്പം ഈ വിദ്യാര്‍ത്ഥികള്‍ കോപ്പയടിക്കുള്ള വിശദീകരണം നല്‍കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകര്‍ ക്ലാസില്‍ വായിച്ച ഉത്തരം അതേപടി പരീക്ഷപേപ്പറില്‍ പകര്‍ത്തുകയായിരുന്നുവെന്ന് ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു. ചില സ്വാശ്രയ മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളില്‍ 35,000 രൂപയോളമാണ് വാര്‍ഷിക ഫീസ്. എന്നിട്ട് പോലും അധ്യാപന നിലവാരം വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ല. ക്ലാസില്‍ ആകെ രണ്ടാഴ്ച മാത്രമാണ് പോയിട്ടുള്ളതെന്നും ചില കുട്ടികള്‍ പറയുന്നു.