ന്യൂഡല്‍ഹി: ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ മോചനത്തിനായി ഓണ്‍ലൈന്‍ സൈന്‍ പെറ്റീഷനില്‍ പങ്കുചേരാം. നിലവില്‍ പതിമൂവ്വായിരത്തലധികം പേരാണ് www.change.org എന്ന വെബ്സൈറ്റില്‍ പെറ്റീഷന് സൈന്‍ ചെയ്തിരിക്കുന്നത്.
നരേന്ദ്ര മോഡിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധൈര്യം കാണിച്ച ധീരനായ ഉദ്യോഗസ്ഥന് ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവറയ്ക്കുള്ളിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ. ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2002 ല്‍ ഗുജറാത്തിലെ കലാപമാണ് സഞ്ജീവ് ഭട്ടിനെ മോഡിക്ക് എതിരാക്കിയത്.
ഗോധ്ര ട്രെയിന്‍ തീവെപ്പ് സംഭവത്തിന് ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്തു. ഹിന്ദുക്കള്‍ക്ക് അവരുടെ രോഷം പ്രകടിപ്പിക്കാനുള്ള അവസരം തടയരുതെന്ന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചെന്നായിരുന്നു വാര്‍ത്ത. ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതി നിയമിച്ച അന്വേഷണ സംഘം പക്ഷെ ഇത് അംഗീകരിച്ചില്ല. ഇതോടെ സഞ്ജീവ് ഭട്ട് മോഡിയുടെയും ബിജെപിയുടെയും ശത്രുവായി.
ഇതുമാത്രമല്ല, 2002 ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ മോഡി മുസ്ലീങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ നടത്തിയെന്ന് ആക്ഷേപമുണ്ടായി. ഇതേക്കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന് ഗുജറാത്ത് സര്‍ക്കാരിനോട് വിശദീകരണം തേടി.
എന്നാല്‍ അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്നും രേഖകളില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി.
എന്നാല്‍ സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ പ്രസംഗത്തിന്റെ ശബ്ദരേഖ കമ്മീഷന് നല്കി. ഇതേതുടര്‍ന്ന് സഞ്ജീവ് ഭട്ടിനെയും ആര്‍ബി ശ്രീകുമാറിനെയും സര്‍ക്കാര്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്ന് സ്ഥലം മാറ്റുകയും ചെയ്തു. പോലീസ് ട്രെയിനിംങ് കോളെജിലേക്കായിരുന്നു സഞ്ജീവ് ഭട്ടിനെ സ്ഥലം മാറ്റിയത്.
പിന്നീട് സബര്‍മതി ജയില്‍ സൂപ്രണ്ടായി നിയമിതനായ സഞ്ജീവ് ഭട്ടിനെ രണ്ട് മാസത്തിനകം വീണ്ടും സ്ഥലം മാറ്റി. അന്തേവാസികളോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്നായിരുന്നു ആക്ഷേപം. 2007 ല്‍ ഭട്ടിന്റെ ബാച്ചിലുണ്ടായിരുന്നവര്‍ക്കെല്ലാം ഐജിമാരായി സ്ഥലകയറ്റം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് എസ്പിയായി തുടരേണ്ടി വന്നു.
ഗുജറാത്തില്‍ മന്ത്രിയായിരുന്ന ഹരണ്‍ പണ്ഡേയുടെ കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മോഡിയും അമിത് ഷായും ആവശ്യപ്പെട്ടുവെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ മറ്റൊരു ആരോപണം. ഇങ്ങനെ നിരന്തരം മോഡിയുമായി പോരാടി ഒടുവില്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഗുജറാത്ത് സര്‍ക്കാര്‍ തനിക്കെതിരെ ഉന്നയിച്ച കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യം സുപ്രീം കോടിതിയും നിരസിച്ചു.
തിരിച്ചടികളില്‍ നിലപാട് മാറ്റാതെ സഞ്ജീവ് ഭട്ട് മോഡിയ്ക്കും ബിജെപിക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ആക്ഷേപ ഹാസ്യവും പരിഹാസവും ചേര്‍ന്നുള്ള സജ്ജീവ് ഭട്ടിന്റ വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ മോഡി വിരുദ്ധരുടെ താരമാക്കി മാറ്റി.
Discussion about this post