സ്വകാര്യ ആശുപത്രിയേക്കാള്‍ മികച്ച സൗകര്യം, ഭാര്യയുടെ പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലാക്കി കളക്ടര്‍; രാജ്യത്തിന് മാതൃകയായി മനീഷ് അഗര്‍വാള്‍

പ്രസവം സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്താം എന്ന് പറഞ്ഞതോടെ ഭാര്യ സോനവും സമ്മതം അറിയിക്കുകയായിരുന്നു.

ഭുവനേശ്വര്‍: ലക്ഷങ്ങളും കോടികളും മുടക്കി സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ചികിത്സയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമ്പോഴും ജനം അവിടേയ്ക്ക് തിരിയുന്നില്ല എന്നത് വാസ്തവമാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ കുറച്ചില്‍ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അവര്‍ക്കെല്ലാം ഉത്തമ മാതൃകയായിരിക്കുകയാണ് ഒഡിഷയിലെ മാല്‍ക്കഗിരി ജില്ലാ കളക്ടര്‍ മനീഷ് അഗര്‍വാള്‍.

ഭാര്യയുടെ പ്രസവം സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് നടത്തിയാണ് അദ്ദേഹം ഇപ്പോള്‍ താരമാകുന്നത്. ഭാര്യ സോനത്തിന്റെ പരിശോധനകള്‍ക്ക് വേണ്ടിയാണ് ആദ്യം ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ (ഡിഎച്ച്എച്ച്) എത്തിയത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങള്‍ ഉള്ളതിനാല്‍ പ്രസവവും ഇവിടെ തന്നെയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കളക്ടര്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളോട് ജനങ്ങള്‍ തുടരുന്ന അവിശ്വാസം ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കുമെന്നും മനീഷ് പറയുന്നു. പ്രസവം സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്താം എന്ന് പറഞ്ഞതോടെ ഭാര്യ സോനവും സമ്മതം അറിയിക്കുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ കളക്ടര്‍ക്ക് മകനാണ് പിറന്നത്. മാല്‍ക്കഗിരി ഡിഎച്ച്എച്ച് ആശുപത്രിയില്‍ സൗകര്യങ്ങള്‍ മറ്റ് സമീപത്തുള്ള മറ്റേത് ആശുപത്രിയിലേതിനേക്കാളും മികച്ചതാണ്. വരും വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ചികില്‍സ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മനീഷും ഭാര്യയും കുഞ്ഞും ആശുപത്രിയിലുള്ള ചിത്രം സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Exit mobile version