വിജയവാഡ: ആന്ധ്രാപ്രദേശിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ വൻതോൽവി ഏറ്റുവാങ്ങിയ ചന്ദ്രബാബു നായിഡുവിനെതിരെ ബിജെപി. ബിജെപിയുടെ പ്രധാന വിമർശകരിൽ ഒരാളായ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രണ്ടുവർഷത്തിനുള്ളിൽ ജയിലിലാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ പറഞ്ഞു. ടിഡിപി അധികാരത്തിലിരുന്നപ്പോൾ നടത്തിയ വൻഅഴിമതികളിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണെന്നും നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ അംഗത്വവിതരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ചന്ദ്രബാബു നായിഡുവിനെതിരെ ആഞ്ഞടിച്ചത്. ചന്ദ്രബാബു നായിഡു നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി കേന്ദ്രത്തിന് നൽകണമെന്നും സുനിൽ ദിയോധർ ആവശ്യപ്പെട്ടു. ടിഡിപിയുടെ ഭരണകാലത്ത് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയ പണമൊന്നും ജനങ്ങളിലേയ്ക്ക് എത്തിയില്ല. എവിടെയാണ് ആ പണമെല്ലാം പോയത്?- അദ്ദേഹം ചോദിച്ചു.
അഴിമതിരഹിതമായ ഭരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വാഗ്ദാനം ചെയ്യുന്നത്. അങ്ങനെയെങ്കിൽ ടിഡിപി സർക്കാരിന്റെ കാലത്തെ അഴിമതികൾക്കെതിരെ അദ്ദേഹം നടപടി സ്വീകരിക്കണമെന്നും സുനിൽ ദിയോധർ ആവശ്യപ്പെട്ടു.
Discussion about this post