ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനദൗത്യം ചാന്ദ്രയാൻ-2ന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. വിക്ഷേപണത്തിന് 56 മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നിർത്തിവെച്ച് വിക്ഷേപണം മാറ്റിവെച്ചതായി ഐഎസ്ആർഒ അറിയിച്ചത്. കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
സാങ്കേതിക തകരാർ മൂലമാണ് വിക്ഷേപണം മാറ്റിവെച്ചതെന്നാണ് സൂചന. ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള പ്രക്രിയകൾ പൂർത്തിയായതായിരുന്നു. പുലർച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്.
978 കോടി രൂപ ചിലവിട്ട ഇന്ത്യയുടെ രണ്ടാം ചാന്ദ്രയാൻ ദൗത്യം ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ്.ഇതിൽ 603 കോടി രൂപ ചന്ദ്രയാൻ രണ്ടിന്റെയും 375 കോടി രൂപ ജിഎസ്എൽവി വിക്ഷേപണ വാഹനത്തിന്റെയും ചിലവാണ്.
ചന്ദ്രനെ വലം വയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന വിക്രം ലാൻഡർ, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാൻ റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട്.
Discussion about this post