ഭോപ്പാല്‍: മധ്യപ്രദേശില്‍ 46 പോലീസ് നായ്ക്കള്‍ക്കും അവയുടെ മേല്‍നോട്ടക്കാര്‍ക്കും സ്ഥലം മാറ്റം നല്കി കമല്‍നാഥ് സര്‍ക്കാര്‍. നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതൃത്വം. നായ്ക്കളെ പോലും വെറുതെ വിടുന്നില്ലെന്നാണ് ബിജെപിയുടെ വാദം. ഇതാദ്യമായാണ് ഇത്രയധികം പോലീസ് നായകളെ ഒന്നിച്ച് സ്ഥലം മാറ്റുന്നത്.
കമല്‍നാഥിന്റെ ഭോപ്പാല്‍, സത്ന, ഹൊഷന്‍ഗാബാദ് എന്നിവിടങ്ങളിലുള്ള വസതികളിലെ നായ്ക്കള്‍ക്കും സ്ഥലം മാറ്റം ഉണ്ട്. മുഖ്യമന്ത്രിയുടെ വസതികളിലുള്ള നായകളെ മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്രയും ട്രാന്‍സ്ഫറുകള്‍ നടത്തിയതെന്ന് പോലീസ് വിശദീകരണം നല്കി. മധ്യപ്രദേശില്‍ മൂന്ന് വര്‍ഷം മുമ്പ് ബിജെപി സര്‍ക്കാരും സമാനമായ ട്രാന്‍സ്ഫറുകള്‍ നടത്തിയിരുന്നു.
ട്രാന്‍സ്ഫര്‍ റാക്കറ്റ് എന്നാണ് കമല്‍നാഥിന്റെ നടപടിക്ക് ബിജെപി നല്കിയ വിശേഷണം. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അമ്പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ചില ഉദ്യോഗസ്ഥരെ മൂന്നും നാലും തവണ ആറ് മാസത്തിനുള്ളില്‍ സ്ഥലം മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ പോസ്റ്റുകള്‍ വില്‍ക്കുന്ന ഒരു റാക്കറ്റാണ് നടക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.