അന്ന് മികച്ച തഹസില്‍ദാര്‍ക്കുള്ള പുരസ്‌കാരം; ഇന്ന് ലാവണ്യ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പിടിയില്‍

അന്തയ്യ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് നേരിട്ടു പിടികൂടിയ അഴിമതി വിരുദ്ധ ബ്യൂറോ, ലാവണ്യയെ ചോദ്യം ചെയ്തു.

തെലങ്കാന: മികച്ച തഹസില്‍ദാര്‍ക്കുള്ള പുരസ്‌കാരം നേടിയ റവന്യു ഉദ്യോഗസ്ഥയായ ലാവണ്യ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റില്‍. കര്‍ഷകനുമായുള്ള ഭൂമി സംബന്ധമായ ഇടപാടിലാണ് ലാവണ്യയ്ക്ക് കുരുക്ക് വീണത്. ഭൂമി സംബന്ധമായ രേഖകളില്‍ തിരുത്ത് വരുത്തുന്നതിന് കീഴുദ്യോഗസ്ഥനായ അന്തയ്യ ഒരു കര്‍ഷകനില്‍ നിന്നു നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം ചെന്ന് എത്തിയത് ലാവണ്യയില്‍ ആയിരുന്നു.

ലാവണ്യയ്ക്ക് അഞ്ച് ലക്ഷവും മൂന്നു ലക്ഷം തനിക്കും എന്ന നിലയില്‍ ആകെ എട്ടു ലക്ഷം രൂപ നല്‍കണമെന്നാണ് കീഴുദ്യോഗസ്ഥന്‍ അന്തയ്യ, കര്‍ഷകനോട് ആവശ്യപ്പെട്ടത്. അതിനു മുന്‍പ് 30,000 രൂപ അന്തയ്യക്ക് കൈക്കൂലി നല്‍കാനും ആവശ്യപ്പെട്ടു, അത് നല്‍കുകയും ചെയ്തു. പിന്നാലെയാണ് എട്ട് ലക്ഷം ആവശ്യപ്പെട്ടത്. തുടര്‍ന്ന് കര്‍ഷകന്‍ അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് അന്തയ്യ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് നേരിട്ടു പിടികൂടിയ അഴിമതി വിരുദ്ധ ബ്യൂറോ, ലാവണ്യയെ ചോദ്യം ചെയ്തു. എന്നാല്‍ തനിക്ക് യാതൊരു പങ്കില്ലെന്ന് ലാവണ്യ പറയുകയും ചെയ്തു. പക്ഷേ പൂര്‍ണ്ണ ബോധ്യം വരാതിരുന്ന ഉദ്യോഗസ്ഥര്‍ അവരുടെ വസതിയില്‍ റെയ്ഡ് നടത്തുകയായിരുന്നു.

45 സ്വകാര്യ സ്വത്തുക്കളുടെ രേഖകളും ഒന്‍പതു പാസ്ബുക്കുകളും ഇവരുടെ കാറില്‍നിന്ന് കണ്ടെത്തി. ഭൂമിയുടെ രേഖകള്‍ തിരുത്തി കിട്ടുന്നതിന് ഒരു കര്‍ഷകന്‍ ഇവരുടെ കാലില്‍ വീണു യാചിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് തെലങ്കാനയിലെ മികച്ച തഹസില്‍ദാര്‍ക്കുള്ള പുരസ്‌കാരം ലാവണ്യ നേടിയത്.

Exit mobile version