വ്യാജ ഒപ്പ് ഉപയോഗിച്ച് കോടികളുടെ ലോണ്‍ തട്ടിയെടുത്തു; ബിസിനസ് പങ്കാളികള്‍ക്കെതിരെ പരാതിയുമായി വീരേന്ദര്‍ സെവാഗിന്റെ ഭാര്യ

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ എട്ട് പങ്കാളികള്‍ക്ക് നേരെയാണ് ആരതിയുടെ ആരോപണം ഉയരുന്നത്

കൊല്‍ക്കത്ത: ബിസിനസ് പങ്കാളികള്‍ക്ക് നേരെ ആരോപണവുമായി മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി സെവാഗ്. തന്റെ വ്യാജ ഒപ്പിട്ട് കോടികളുടെ ലോണ്‍ എടുത്തുവെന്നാണ് ആരതി നല്‍കിയ പരാതി. 4.5 കോടിയോളം രൂപയുടെ ലോണ്‍ തട്ടിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ എട്ട് പങ്കാളികള്‍ക്ക് നേരെയാണ് ആരതിയുടെ ആരോപണം. തന്റെ അനുവാദമോ സമ്മതമോ ഇല്ലാതെ ഡല്‍ഹയിലുള്ള ഒരാളില്‍ നിന്നാണ് ലോണ്‍ എടുത്തതെന്നും പരാതിയില്‍ എടുത്ത് പറയുന്നുണ്ട്. വെള്ളിയാഴ്ചയാണ് തട്ടിപ്പിനെ കുറിച്ച് ആരതി പരാതി നല്‍കിയത്. തന്റെ ഭര്‍ത്താവിന്റെ പേര് ഉപയോഗിച്ച് പണം കടം നല്‍കിയാളെ സ്വാധീനിച്ചതായും ആരതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

കാലാവധി കഴിഞ്ഞ ചെക്കും ഇവര്‍ നല്‍കിയതായും പറയുന്നു. എന്നാല്‍ കമ്പനിക്ക് പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ പണം നല്‍കിയ ആള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്ന് ആരതി പറയുന്നു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version