ചെന്നൈ നഗരത്തിലെ കൊടും വരള്‍ച്ചയെ നേരിടാന്‍ താല്കാലികമായി ട്രെയിന്‍ വഴി വെള്ളമെത്തിച്ച് തുടങ്ങി. കാവേരി നദിയിലെ മേട്ടൂര്‍ അണക്കെട്ടിലെ വെള്ളമാണ് വെല്ലൂര്‍ ജില്ലയിലെ ജോലാര്‍പേട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവരുന്നത്.
ഇരുപത്തിയേഴര ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന അന്‍പത് വാഗണ്‍ വെളളമാണ് ഒരു ട്രെയിനില്‍ എത്തിക്കുക. വില്ലുപാക്കം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ട്രെയിനില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ വെള്ളം ജലശുദ്ധീകരണശാലയില്‍ എത്തിക്കും. ശുദ്ധീകരിച്ചതിനുശേഷം മധ്യചെന്നൈയിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യും.
കൊടും വരള്‍ച്ചയിലൂടെയാണ് ചെന്നൈ നഗരം ഇപ്പോള്‍ കടന്നുപോവുന്നത്. കഴിഞ്ഞമാസം 22ാം തീയ്യതിയാണ് സര്‍ക്കാര്‍ ട്രെയിന്‍ മാര്‍ഗം വെള്ളമെത്തിക്കാന്‍ പ്രഖ്യാപിച്ചത്. ഇതിനായി 65 കോടി രൂപ റെയില്വേയ്ക് കൈമാറുകയും ചെയ്തിരിന്നു. പക്ഷേ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ വൈകിയതാണ് പദ്ധതി ഇത്രയും നീണ്ട് പോയത്. പദ്ധതി പ്രകാരം ദിവസവും ഒരു കോടി ലിറ്റര്‍ വെള്ളം മുപ്പതുദിവസത്തേക്ക് എത്തിക്കാനാണ് തീരുമാനം. അതിനിടെ മണ്‍സൂണ്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മഴ ഇനിയും വൈകുകയാണെങ്കില്‍ വെളളമെത്തിക്കുന്നത് തുടരേണ്ടിവരും.
Discussion about this post