ശ്രീഹരിക്കോട്ട: കുതിച്ചുയരാന്‍ തയ്യാറായി ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍-2.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നാണ് വിക്ഷേപണം. വിക്ഷേപണത്തിന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തീകരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
ചന്ദ്രയാന്‍-2 ‘ബാഹുബലി’ എന്നു വിളിപ്പേരുള്ള ‘ജിഎസ്എല്‍വി മാര്‍ക്ക്-3’ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. അതിശക്തമായ വിക്ഷേപണവാഹനം എന്നനിലയില്‍ തെലുങ്ക് മാധ്യമങ്ങളാണ് ഈ റോക്കറ്റിന് ‘ബാഹുബലി’ എന്ന പേര് നല്‍കിയത്.
ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍-2 പേടകം. ഐഎസ്ആര്‍ഒയുടെ വിക്ഷേപണ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമായാണ് ചന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ഈ വിക്ഷേപണം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണ പേടകം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.