ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വീഴുമെന്ന ഘട്ടത്തിലെത്തി നില്‍ക്കെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ നടത്തിയ നീക്കം ഫലം കാണുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഏഴ് തവണ എംഎല്‍എയുമായ രാമലിംഗ റെഡ്ഡി പറഞ്ഞു. ഇക്കാര്യം ന്യൂസ് മിനിറ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച വരെ തനിക്ക് സമയമുണ്ടെന്നും അത് വരെ രാഷ്ട്രീയം സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും റെഡ്ഡി പറഞ്ഞു. സംസാരമെല്ലാം കഴിഞ്ഞെന്നും തന്റെ പ്രശ്നങ്ങളെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു. ജൂലൈ ആറിനാണ് രാമലിംഗ റെഡ്ഡി രാജി സമര്‍പ്പിച്ചത്.
അതേസമയം, രാജിയില്‍ നിന്നും പിന്തിരിയാന്‍ രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബംഗളൂരു വികസന വകുപ്പ് മന്ത്രി സ്ഥാനം റെഡ്ഡിക്ക് വാഗ്ദാനം ചെയ്തിരുന്നു. അതിനിടെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാവായ തന്നെ മന്ത്രിസഭയില്‍ എടുക്കാത്തതിനെ ചൊല്ലി രാമലിംഗ റെഡ്ഡി കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ചിരുന്നു. ഇതോടെയാണ് ഉപമുഖ്യമന്ത്രി സ്ഥാനം തന്നെ വാഗ്ദാനം ചെയ്ത് റെഡ്ഡിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം. നിലവില്‍ 16 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, രാമലിംഗ റെഡ്ഡി രാജിവെച്ച മറ്റ് എംഎല്‍എമാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. താന്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് മാത്രമാണ് രാജിവെച്ചിട്ടുള്ളത്, കോണ്‍ഗ്രസില്‍ നിന്നല്ലെന്നും രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു.
Discussion about this post