കര്‍ണാടക പ്രതിസന്ധി; രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാവകാശം വേണം; സ്പീക്കര്‍ സുപ്രീംകോടതിയില്‍

വിമത എംഎല്‍എമാരുടെ രാജി കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്നാണ് കര്‍ണാടക സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും കോടതി കയറുന്നു. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെ സ്പീക്കര്‍ കോടതിയെ സമീപിച്ചു. രാജിക്കത്തുകളില്‍ തീരുമാനം എടുക്കാന്‍ സാവകാശം ആവശ്യപ്പെട്ടാണ് സ്പീക്കര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെയാണ് സ്പീക്കര്‍ സമീപിച്ചത്.

വിമത എംഎല്‍എമാരുടെ രാജി കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്നാണ് കര്‍ണാടക സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കറുടെ വാദം. എന്നാല്‍ അടിയന്തരമായി കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നും ഹര്‍ജി നല്‍കാനും കോടതി സ്പീക്കറോട് നിര്‍ദേശിച്ചു. ഹര്‍ജി നാളെ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് വൈകിട്ട് തന്നെ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ് എങ്കിലും കര്‍ണാടക സ്പീക്കര്‍ കെ രമേശ് കുമാര്‍ വിഷയത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെയാണ് കര്‍ണാടക സ്പീക്കറോട് വിമത എംഎല്‍എമാരുടെ രാജി കത്തില്‍ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്. വിമത എംഎല്‍എമാരുടെ രാജി കര്‍ണാടക സ്പീക്കര്‍ സ്വീകരിക്കാത്തതിന് എതിരെയാണ് വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പത്ത് വിമത എംഎല്‍എമാരാണ് കോടതിയെ സമീപിച്ചത്.

സ്പീക്കര്‍ തന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും എംഎല്‍എ മാരുടെ രാജി സ്വീകരിക്കുന്നില്ലെന്നും വളരെ ഗുരുതരമായ പ്രതിസന്ധി ആണിതെന്നും എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തികളില്‍ ജനങ്ങള്‍ക്ക് അതൃപ്തിയാണെന്നും, വീണ്ടും ജനങ്ങളിലേക്ക് പോകണം. രാജി വച്ച് തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യമെന്നും മുകുള്‍ റോത്തഗി വ്യക്തമാക്കി.

തുടര്‍ന്നാണ് ഇന്ന് വൈകിട്ട് ഹാജരായി രാജി കത്ത് നല്‍കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. കൂടാതെ എംഎല്‍എമാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപിയോട് കോടതി നിര്‍ദേശം നല്‍കി. അതെസമയം വിമത എംഎല്‍എമാരുടെ ഹര്‍ജി നാളെ പരിഗണിക്കാന്‍ ആയി മാറ്റി.

ജൂലൈ ആറിനാണ് 10 വിമത വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്. നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ എംഎല്‍എമാരുടെ രാജി അംഗീകരിക്കാതിരുന്നതൊടെയാണ് വിഷയം കോടതി കയറിയത്.

Exit mobile version