പനാജി: കോണ്‍ഗ്രസിന് രാജ്യത്ത് ഇനി ഭാവിയില്ലെന്ന് ഗോവയില്‍ രാജിവെച്ച കോണ്‍ഗ്രസ് വിമത എംഎല്‍എ ബാബുഷ് മോണ്‍സ്രാട്ട്. ബിജെപിയുടെ നയങ്ങളാണ് തന്നെ കൂറുമാറ്റത്തിന് പ്രേരിപ്പിച്ചതെന്നും പണം വാങ്ങിയാണ് കൂറുമാറിയതെന്ന പിസിസി അധ്യക്ഷന്റെ ആരോപണം തെറ്റാണെന്നും ബാബുഷ് പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിലയില്ലാതെ മുങ്ങിത്താഴുമ്പോഴാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടി ഗോവയിലെ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ച് ബിജെപിയിലേക്ക് ചേക്കേറിയത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ആകെയുള്ള പതിനഞ്ച് എംഎല്‍എമാരില്‍ പത്തുപേരും ബിജെപിയിലേക്ക് ചോക്കേറുകയായിരുന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറുടെ നേതൃത്വത്തിലാണ് സ്പീക്കറെ കണ്ട് എംഎല്‍എമാര്‍ ഇന്നലെ രാജി സമര്‍പ്പിച്ചത്. ഡല്‍ഹിയിലേക്ക് തിരിച്ച എംഎല്‍എമാര്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം, കോണ്‍ഗ്രസ് കൂറുമാറ്റ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലും സാധിക്കാതെ കുഴയുകയാണ്. മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാരും പാര്‍ട്ടി വിടുന്നതിനാല്‍ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയില്‍ വിഷയം വരില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നാല്പത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. കോണ്‍ഗ്രസ് വിമതര്‍ കൂടി എത്തുന്നതോടെ ബിജെപിയുടെ കക്ഷിനില 27 ആകും. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയോടെയാണ് ബിജെപി ഭരണം കൈയ്യാളുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. ഇതോടെ ഗോവ മന്ത്രിസഭയില്‍ വന്‍അഴിച്ചുപണി നടക്കുമെന്നാണ് സൂചന.
Discussion about this post