പനാജി: ഗോവയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ. കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ അവസരം ലഭിച്ചിട്ടും അതിനു തയ്യാറാകാത്തതാണ് തന്റെ കൂറുമാറ്റത്തിനു പിന്നിലെന്ന് രാജിവെച്ച കോൺഗ്രസ് എംഎൽഎമാരിൽ ഒരാളായ ചന്ദ്രകാന്ത് കാവ്‌ലേക്കർ പറഞ്ഞു.
പ്രതിപക്ഷത്തായിട്ട് കുറേ കാലമായെന്നും മണ്ഡലങ്ങളുടെ വികസനം സാധ്യമാകാത്തതുകൊണ്ട് പ്രതിപക്ഷത്തിരിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് വികസനപ്രവർത്തനങ്ങൾ ഉറപ്പ് വരുത്താനും മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് ശക്തി പകരാനുമാണ് പാർട്ടി വിട്ടതെന്ന് ചന്ദ്രകാന്ത്കാവ്ലേക്കർ പറഞ്ഞു.
ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾക്കിടയിൽ യോജിപ്പില്ലായിരുന്നെന്നും കാവ്ലേക്കർ കുറ്റപ്പെടുത്തി. സർക്കാർ രൂപീകരണം അസാധ്യമാകുമെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന് നിലവിൽ 5 എംഎൽഎമാരാണ് സഭയിലുള്ളത്. ബിജെപി പക്ഷത്ത് ഇപ്പോൾ 27ഉം എംഎൽഎമാരുണ്ട്. കർണാടകയിൽ വിമത കോൺഗ്രസ് എംഎൽഎ മാരുടെ രാജിയെ തുടർന്ന് പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് ഗോവ എംഎൽഎമാരുടെ നീക്കം.