മുംബൈ: കര്‍ണാടകയില്‍ വീണ്ടും ബിജെപി ഭരണത്തിലേറിയേക്കും. കഴിഞ്ഞ ഒരാഴ്ചയോളമായി നീളുന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ മുഖ്യമന്ത്രി കുമാരസ്വാമി രാജിക്ക് ഒരുങ്ങുന്നതായി സൂചന. ഇതുസംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങളെടുക്കാന്‍ ഇന്ന് കര്‍ണാടകയില്‍ നിര്‍ണായക മന്ത്രിസഭാ യോഗം ചേരും. രാവിലെ 11 മണിക്ക് വിധാന്‍ സൗധയിലാണ് യോഗം. യോഗത്തിന് ശേഷംകുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ കുമാരസ്വാമി നല്‍കിയേക്കും.
ഇനിയും വിമതരെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി തുടരേണ്ടതില്ലെന്നാണ് ജെഡിഎസ്-കോണ്‍ഗ്രസ് ധാരണ. ഡികെ ശിവകുമാര്‍ നേരിട്ട് നടത്തിയതുള്‍പ്പടെയുള്ള നീക്കങ്ങള്‍ പാളിയതും വിമതര്‍ സുപ്രീംകോടതിയിലെത്തിയതും ബിജെപി ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ടതും സഖ്യസര്‍ക്കാരിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. കൂടുതല്‍ എംഎല്‍എമാര്‍ രാജി നല്‍കിയതും തിരിച്ചു വരവിന്റെ സാധ്യതകള്‍ അടച്ചു. സര്‍ക്കാരിനെ പിരിച്ചു വിടണമെന്നാണ് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇതില്‍ തീരുമാനം വരും മുമ്പ് കര്‍ണാടക മുഖ്യമന്ത്രി ഗവര്‍ണറെ കാണും എന്നാണ് വിവരം. അതേസമയം, മുംബൈയില്‍ എംഎല്‍എമാരെ കാണാന്‍ പോയി പരാജയപ്പെട്ട ഡി കെ ശിവകുമാര്‍ ബംഗളുരുവില്‍ തിരിച്ചെത്തി. രണ്ട് പേരൊഴികെയുള്ള എംഎല്‍എമാര്‍ തിരിച്ചു വരാന്‍ തയ്യാറായിരുന്നു എന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അതേസമയം, കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് സുപ്രീകോടതി പരിഗണിക്കും. വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കോടതിയാണ് പരിഗണിക്കുക.
Discussion about this post