ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധനവ് പിൻവലിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. പ്രതിഷേധങ്ങളെ തള്ളിയാണ് തീരുമാനവുമായി മുൻപോട്ട് പോകുന്നത്. ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ ഇക്കാര്യത്തെ കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ മൗനം പാലിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഏർപ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ പെട്രോളിനും ഡീസലിനും വില കൂടിയതും പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ബജറ്റ് ചർച്ചയിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും സർക്കാരിനെതിരെ മുഖ്യ വിഷയമാക്കിയതും ഇതുതന്നെയായിരുന്നു.
എന്നാൽ ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി നിർമ്മല സീതാരാമൻ മൗനം പാലിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ ബഹളമുണ്ടായി. യുപിഎ അംഗങ്ങളും പിന്നാലെ തൃണമൂൽ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Discussion about this post