കര്‍ണാടക: പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ അവസാന പ്രതീക്ഷയും അവസാനിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ആറുമണിക്കൂര്‍ പിന്നിട്ടിട്ടും എംഎല്‍എമാരെ കാണാനായില്ല. മഴപോലും വകവെയ്ക്കാതെ എംഎല്‍എമാരെ കാണാനായി ഹോട്ടലിനു പുറത്ത് കാത്തിരിക്കുകയായിരുന്ന ശിവകുമാറിനെ ഒടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
അതേസമയം, കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ പരസ്യമായി രംഗത്തെത്തി ബിജെപിയും രാഷ്ട്രീയ നാടകം കൊഴുപ്പിച്ചു. കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. 14 എംഎല്‍എമാരുടെ രാജിയോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നാണു ഗവര്‍ണര്‍ വാജുഭായി വാലക്ക് നല്‍കിയ നിവേദനത്തില്‍ ബിജെപി എംഎല്‍എമാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ പുറത്താക്കാന്‍ തയ്യാറാകണമെന്ന് ബിഎസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു.
വിശ്വാസ വോട്ടെടുപ്പിന്റെ പ്രശ്‌നം പോലും ഉദിക്കുന്നില്ലെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞു. കുമാര സ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പോലും ബിജെപി ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിമതരുടെ രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടണം എന്ന് ആവശ്യപ്പെട്ട് കൂടിയാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. രാജിക്കത്തില്‍ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെയും ബിജെപി നേതാക്കള്‍ സമീപിക്കുന്നുണ്ട്.
ഇതിനിടെ, കാര്യങ്ങളെല്ലാം കൈവിട്ട് പോയ നിരാശയിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ക്യാമ്പ്. വിമത എംഎല്‍എമാര്‍ പാര്‍ട്ടിക്ക് വഴങ്ങാന്‍ തയ്യാറാകാതെ രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.