ബംഗളൂരു: ആടിയുലയുന്ന കര്‍ണാടക സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ അവസാനവട്ട ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്. രാജിവെച്ച വിമത എംഎല്‍എമാരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ മുംബൈയിലെത്തി. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താനാണ് താനെത്തിയതെന്ന് ശിവകുമാര്‍ പ്രതികരിച്ചു. അതേസമയം, എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന്റെ സുരക്ഷ മഹാരാഷ്ട്ര റിസര്‍വ് പോലീസ് ഏറ്റെടുത്തിട്ടുണ്ട്. ഡികെ ശിവകുമാറിനെ തടയില്ലെന്ന് മുംബൈ പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, കര്‍ണാടകയിലെ ഭരണം പിടിക്കാന്‍ ബിജെപി ആഞ്ഞുപരിശ്രമിക്കുകയാണ്. സ്പീക്കര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാകാത്തതാണ് പരസ്യനിലപാടുമായി രംഗത്തെത്താന്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ അവസാന വട്ട ശ്രമവും വിജയിക്കാത്ത സാഹചര്യത്തില്‍ സമര്‍ദ്ദം ശക്തമാക്കാനാണ് ബിജെപി തീരുമാനം.
ഭരണപ്രതിസന്ധിയില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണാനും തീരുമാനിച്ചിട്ടുണ്ട്. വിമതരുടെ രാജിയില്‍ തീരുമാനം വൈകിപ്പിക്കരുതെന്നു സ്പീക്കറോടും ആവശ്യപ്പെടും. ഭൂരിപക്ഷം നഷ്ടപെട്ട സാഹചര്യത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഭരണം ഒഴിയണമെന്നാവശ്യപ്പെട്ട് നാളെ 11 മണിക്ക് വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ എംഎല്‍എമാര്‍ പ്രതിഷേധിക്കും. നിലവില്‍ 107 പേരുടെ പിന്തുണ ബിജെപിക്കുണ്ട്.
Discussion about this post