ചെന്നൈ: കൊലപാതക കേസില്‍ ജീവപര്യന്ത്യം തടവിന് ശിക്ഷിച്ച ശരവണ ഭവന് ഹോട്ടലുടമ പി രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയിലെത്തി കീഴടങ്ങി. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന അപേക്ഷ കോടതി നിരസിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കീഴടങ്ങല്‍.
തന്റെ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ രാജഗോപാലിന്റെ ശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഉയര്‍ത്തിയിരുന്നു. 2009ല്‍ ജാമ്യം നേടിയ രാജഗോപാല്‍, ജീവപര്യന്തം ശിക്ഷ തുടങ്ങുന്ന ജൂലൈ ഏഴിനു കീഴടങ്ങണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യസ്ഥിതി മോശമെന്ന് കാണിച്ച് ഇതിനെ മറികടക്കാനായിരുന്നു നീക്കം.
ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലാണു കോടതി മുറിയിലെത്തിയത്. ചികിത്സ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയ കോടതി അദ്ദേഹത്തെ പുഴല്‍ ജയിലിലേക്ക് അയച്ചു. ജയിലില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ നിയമാനുസരണമുള്ള നടപടികള്‍ കൈക്കൊള്ളും.
2001ലാണ് പ്രിന്‍സ് ശാന്തകുമാറിനെ പി രാജഗോപാലും കൂട്ടാളികളും കൊലപ്പെടുത്തിയത്. രാജഗോപാലിന്റെ ജോലിക്കാരില്‍ ഒരാളുടെ മകളായ ജീവജ്യോതി എന്ന യുവതിയെ സ്വന്തമാക്കുന്നതിനായിരുന്നു കൊലപാതകം. ജ്യോതിഷിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവിവാഹിതയായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചത്. ഇതിനിടെ ജീവജ്യോതി ശാന്തകുമാറുമായി അടുപ്പത്തിലാകുകയും ഇവര്‍ വിവാഹിതരാവുകയും ചെയ്തു.
ജീവജ്യോതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പ്രതി ശാന്തകുമാറിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ ചെന്നൈയില്‍ നിന്ന് മാറി താമസിക്കാന്‍ പദ്ധതിയിട്ടെങ്കിലും രാജഗോപാലിന്റെ ആളുകള്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
കേസില്‍ 2004ല്‍ സെഷന്‍സ് കോടതി രാജഗോപാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2009ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി. ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ മദ്രാസ് ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
Discussion about this post