ന്യൂഡല്‍ഹി: റെയില്‍വേയും സ്വകാര്യ കമ്പനികളുടെ പിടിയിലേക്ക്. ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം അതിവേഗത്തില്‍ മുന്നോട്ട് നീക്കി കേന്ദ്രം. ആദ്യഘട്ടത്തില്‍ ഡല്‍ഹി-ലഖ്നൗ തേജസ് എക്സ്പ്രസാണ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത്. ഈ നീക്കത്തിനെതിരെ വിവിധ യൂണിയനുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും റെയില്‍വേയുടെ സ്വകാര്യവത്കരണ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്.
നൂറുദിവസത്തിനുള്ളില്‍ രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് പൂര്‍ണ്ണമായും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനാണ് റെയില്‍വേയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് 2016-ല്‍ പ്രഖ്യാപിച്ച തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത്. രണ്ടാമത്തെ ട്രെയിന്‍ ഏതുവേണമെന്ന് ഉടനെ തിരഞ്ഞെടുക്കും. ലേലനടപടികള്‍ പൂര്‍ത്തിയായാല്‍ തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനിക്ക് കൈമാറും. 2016-ല്‍ പ്രഖ്യാപിച്ച ട്രെയിനാണെങ്കിലും തേജസ് എക്സ്പ്രസ് കഴിഞ്ഞ റെയില്‍വേ ടൈംടേബിളിലാണ് ഇടംനേടിയത്.
ഐആര്‍സിടിസി മുഖേനെയാണ് ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുക. ഇതിന്റെ തുക റെയില്‍വേയുടെ ധനകാര്യവിഭാഗത്തിന് ഐആര്‍ടിസി കൈമാറും. യാത്രക്കാര്‍ കുറവുള്ളതും വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതുമായ റൂട്ടുകളിലെ ട്രെയിനുകളാണ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയെന്നാണ് റെയില്‍വേ അറിയിക്കുന്നത്.
Discussion about this post