ഗുവാഹത്തി: അസമില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും. കഴിഞ്ഞ 48 മണിക്കൂറായി പെയ്യുന്ന മഴയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. അഞ്ച് ജില്ലകളിലെ 43 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ഇതുവരെ 13,000 പേരെ ദുരിതം ബാധിച്ചതായാണ് വിവരം.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ക്യാംപുകള്‍ തുറക്കേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെ നിരവധി റോഡുകളും അണക്കെട്ടുകളും തകര്‍ന്നതായി റിപ്പോര്‍ട്ട് ഉണ്ട്. കനത്ത വെള്ളപ്പൊക്കത്തില്‍ 955 ഹെക്ടര്‍ കൃഷി നശിച്ചു. ധെമാജി, ലാഖിംപുര്‍, ബിശ്വനാഥ്, ഗൊലഘട്ട്, ജോര്‍ഹത് ജില്ലകളെയാണ് പ്രളയം കാര്യമായി ബാധിച്ചിരിക്കുന്നത്.
ഇതില്‍ ജോര്‍ഹത് ജില്ലയില്‍നിന്ന് മാത്രം 6,000 പേര് ദുരിതത്തിലായി. ജോര്‍ഹത്തില്‍ ബ്രഹ്മപുത്ര നദി കരകവിയാറായി. കനത്ത മഴയില്‍ ന്യൂമാരിഗറിലെ ധാന്‍സിരി നദിയിലെയും സോനിത്പൂരിലെ ജിയാ ഭരാലി നദിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.