ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീഴുമെന്ന് ഏകദേശം ഉറപ്പായി. അതേസമയം, കോണ്‍ഗ്രസ് നേതാവും കര്‍ണാടക രാഷ്ട്രീയത്തിലെ കിങ് മേക്കറുമായ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നായി ഉയരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇക്കാര്യം ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്തും നേടിയെടുക്കുന്ന, താഴെത്തട്ടില്‍ ജനങ്ങള്‍ക്കിടയില്‍ പിന്തുണയുള്ള നേതാവ് എന്നാണ് പോസ്റ്ററില്‍ ഡികെ ശിവകുമാറിനെ വിശേഷിപ്പിക്കുന്നത്. വിമത എംഎല്‍എമാരെ തിരികെ കൊണ്ട് വരുന്നതിന് വേണ്ടി ഡി.കെ ശിവകുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പോസ്റ്ററില്‍ വിശദീകരിക്കുന്നുണ്ട്.
‘സ്പീക്കറുടെ ചേംബറില്‍ കയറി 11 വിമത എംഎല്‍എമാരെ കണ്ടെത്തി നാല് എംഎല്‍എമാരെ തിരികെ കൊണ്ടുവന്നതാര്. ഒരേയൊരു ഡികെ ശിവകുമാര്‍. എംഎല്‍എമാരുടെ രാജി തടയുന്നതിന് വേണ്ടി രാജിക്കത്ത് കീറിക്കളഞ്ഞതാര്, ഒരേയൊരു ഡികെ ശിവകുമാര്‍’ പോസ്റ്ററില്‍ പറയുന്നതിങ്ങനെ.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും അമിത്ഷാക്കെതിരെയും സംസാരിച്ചതിന്റെ പേരില്‍ വ്യാജ സാമ്പത്തിക കേസുകളില്‍ ശിവകുമാറിനെ പെടുത്തിയെന്നും കോണ്‍ഗ്രസിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് വ്യാജ കേസുകള്‍ ശിവകുമാറിനെതിരെ മാത്രമേ ഉള്ളൂവെന്നും പോസ്റ്ററില്‍ പറയുന്നു.
നിയമസഭയില്‍ വോട്ടെടുപ്പില്‍ വിജയിപ്പിച്ച് കോണ്‍ഗ്രസ്-ജനതാദള്‍ എസ് സര്‍ക്കാര്‍ സാധ്യമാക്കിയതും ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടാനായതും ശിവകുമാറിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നാണ് പോസ്റ്ററിലെ വാദങ്ങള്‍.
Discussion about this post