ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി. മുഴുവന്‍ മന്ത്രിമാരും രാജിവെച്ച് വിമതര്‍ക്കായി വഴിമാറാന്‍ തയ്യാറായെങ്കിലും രാജിവെച്ച എംഎല്‍എമാര്‍ വഴങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. രാജി വെച്ച് മന്ത്രി സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും കിങ് മേക്കര്‍ ഡികെ ശിവകുമാര്‍ നേരിട്ട് ഇടപെട്ടിട്ടും മുംബൈയിലേക്ക് മുങ്ങിയ വിമതര്‍ ആരും തിരിച്ചെത്തിയില്ല. ഇവര്‍ ഗോവയിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്. ഒപ്പം യുവമോര്‍ച്ച നേതാവും അനുഗമിക്കുന്നുണ്ടെന്നാണ് ഒടുവിലത്തെ സൂചനകള്‍. കെസി വേണുഗോപാലിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ അച്ചടക്കനടപടി നേരിട്ട റോഷന് ബെയ്ഗും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഒരു മാസം മുമ്പ് മന്ത്രിമാരായ രണ്ട് സ്വതന്ത്രര്‍ ബിജെപി പക്ഷത്തേക്ക് ചാഞ്ഞതോടെ പ്രതിപക്ഷത്ത് 107 പേരുടെ പിന്തുണയായി. ബിജെപിക്ക് തനിച്ച് 105 എംപിമാരുണ്ട്. ഭരണപക്ഷത്തെ അംഗബലം 104 ആയി ചുരുങ്ങുകയും ചെയ്തു. 224 അംഗസഭയില്‍ 13 വിമതരെ മാറ്റിനിര്‍ത്തിയാല്‍ 211 പേരാകും. പുതിയ സാഹചര്യത്തില്‍ 106 പേരുടെ പിന്തുണയുണ്ടെങ്കില്‍ കേവല ഭൂരിപക്ഷമാകും.
അതേസമയം, കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്ന നിയമസഭാ കക്ഷിയോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാരുടെ വീടുകളില്‍ വിപ്പ് എത്തിച്ചിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. രാവിലത്തെ യോഗത്തിന് എത്താത്ത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ കത്ത് നല്‍കും. സ്പീക്കര്‍ ഈ ശുപാര്‍ശ അംഗീകരിച്ചാല്‍ ഇക്കൂട്ടര്‍ക്ക് മന്ത്രിസ്ഥാനം അടക്കമുള്ള പദവികള്‍ വഹിക്കാന്‍ കഴിയില്ല.