കോണ്‍ഗ്രസില്‍ അഴിച്ചുപണി പൂര്‍ണ്ണം; ഡാറ്റ അനലിറ്റിക്‌സ് വിഭാഗം പിരിച്ചുവിടുന്നു

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാന്‍ ഏറ്റവുമധികം സഹായിച്ച ഡാറ്റ അനലിറ്റിക്സ് വിഭാഗം പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയമാണ് സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസിനെ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഡാറ്റാ അനലിറ്റിക്സ് ഡിപ്പാര്‍ട്മെന്റ് പിരിച്ചുവിടാന്‍ പാര്‍ട്ടി ഒരുങ്ങുന്നതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ശക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഡാറ്റ അനലിറ്റിക്സ് വിഭാഗത്തിനായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരെ കുറിച്ച് ശക്തി ആപ്പ് മുഖാന്തരം വോട്ടര്‍മാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സാധിച്ചിരുന്നു. മുന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഡാറ്റ അനലിറ്റിക്സ് വിഭാഗത്തിന്റെ അധ്യക്ഷന്‍. എന്നാല്‍ ഡാറ്റ അനലിറ്റിക്‌സ് പിരിച്ചുവിടുന്നെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

നേരത്തെ മുതല്‍, ആപ്പിലൂടെ ലഭിച്ച യഥാര്‍ഥ വിവരങ്ങളല്ല രാഹുല്‍ ഗാന്ധിക്ക് കൈമാറിയതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍പരാജയം നേരിടുക കൂടി ചെയ്തതോടെ ഡിപ്പാര്‍ട്മെന്റിന്റെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

Exit mobile version