ബംഗളൂരു: പ്രതിസന്ധിയിലായ കര്‍ണാടക സര്‍ക്കാര്‍ വീഴാതിരിക്കാന്‍ പതിനെട്ടാമത്തെ അടവുമായി കോണ്‍ഗ്രസ്. ഏതുവിധേനെയും സര്‍ക്കാര്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനായി മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും രാജി പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി ജി പരമേശ്വര ഒഴികെയുള്ള കോണ്‍ഗ്രസ് മന്ത്രിമാരാണ് രാജിവെച്ചത്. 21 മന്ത്രിമാരാണ് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവച്ചത്. ഉപാധികളൊന്നും മുന്നോട്ടുവെക്കാതെയാണ് മന്ത്രിമാരെല്ലാം രാജിവെച്ചതെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു.
രാജിവച്ച എംഎല്‍എമാരെ മന്ത്രിമാരാക്കി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള അവസാന ശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനായി ഹൈക്കമാന്റ് ഇടപെട്ട് കോണ്‍ഗ്രസ് മന്ത്രിമാരെ രാജിവെപ്പിക്കുകയായിരുന്നു. പാര്‍ട്ടിയുടെ താല്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഒഴികെയുള്ള ജെഡിഎസ് മന്ത്രിമാരും രാജിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജി സന്നദ്ധത മന്ത്രിമാരും അറിയിച്ചിട്ടുണ്ട്.
ഇതുവരെ കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 14 എംഎല്‍എമാരാണ് പ്രതിഷേധിച്ച് രാജിവെച്ചത്. ജെഡിഎസ് ഒപ്പം നിര്‍ത്തിയ എച്ച് നാഗേഷ് എന്ന സ്വതന്ത്ര എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, എംഎല്‍എമാരുടെ സ്പീക്കര്‍ രാജി അംഗീകരിക്കാത്തതാണ് സര്‍ക്കാരിന്റെ ആയുസ്സ് നീട്ടുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേരുന്ന ബിജെപി നേതൃയോഗം ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചേക്കും.
Discussion about this post