ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കുന്നു. രാജിവെച്ച മുഴുവന്‍ എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിന്റെ തന്ത്രം. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട് മുംബൈയിലെ ഹോട്ടലില്‍ തങ്ങുന്ന എംഎല്‍എമാരുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച തുടരുകയാണ്. ഈ ഒത്തുതീര്‍പ്പ് അംഗീകരിക്കപ്പെട്ടാല്‍ നിലവിലെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാരുടെ സ്ഥാനം തെറിക്കും. ഇവരുമായും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടരുകയാണ്.
എന്ത് വിലകൊടുത്തും കര്‍ണാടകയിലെ മന്ത്രിസഭ നിലനിര്‍ത്തുക എന്ന എഐസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിലപേശല്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജിവെച്ച 13 എംഎല്‍എ മാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനായി മന്ത്രിസഭയിലെ 13 മന്ത്രിമാരെ രാജിവെപ്പിക്കുകയാണ് നിലവിലെ തന്ത്രം. ഇത് വിമതര്‍ അംഗീകരിക്കുമോ ഇല്ലയോ എന്നതിന് അനുസരിച്ചിരിക്കും സഖ്യസര്‍ക്കാരിന്റെ ഭാവി. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ വിമതരുടെ ഭാഗത്ത് നിന്നും ശ്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നാണ് പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ നടത്തുന്നത്. സിദ്ധരാമയ്യ, ജി പരമേശ്വര എന്നീ നേതാക്കള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയാണ്. ഡികെ ശിവകുമാര്‍ എംഎല്‍എമാരുമായും ജെഡിഎസുമായും ആശയവിനിമയം തുടരുന്നുണ്ട്.
Discussion about this post