ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ നാടകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ഗെയിം പ്ലാനാണെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി. മുഖ്യമന്ത്രി കുമാരസ്വാമിയെ പുറത്താക്കുന്നതിനായി സിദ്ധരാമയ്യയുടേയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളുടേയും ശ്രമങ്ങളുടെ ഭാഗമാണിതെന്നും പ്രഹ്ലാദ് ജോഷി ആരോപിച്ചു.
അതേസമയം, രാജിവെ ച്ചവരുമായി താന്‍ സംസാരിച്ചെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. എല്ലാ കാര്യങ്ങളും തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. എല്ലാവരും പാര്‍ട്ടിക്ക് വിശ്വസ്തരാണ്. ആരെങ്കിലും എന്നോട് വിധേയത്വം കാണിക്കുന്നതില്‍ കാര്യമില്ല പാര്‍ട്ടിയോട് വിധേയത്വം കാണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ഓപ്പറേഷന്‍ കമലയാണ് കര്‍ണാടകയില്‍ അരങ്ങേറുന്നത്. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ അതിജീവിക്കും. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ പ്രശ്നങ്ങളോ ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മുംബൈയിലുള്ള വിമത എംഎല്‍എമാരുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. പത്തോളം എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്.
ഇതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എച്ച്ഡി ദേവഗൗഡയുടെ വീട്ടിലെത്തി ജെഡിഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി കുമാരസ്വാമി വൈകീട്ടോടെ യുഎസില്‍ നിന്ന് ബംഗളൂരുവിലെത്തും.
Discussion about this post