ആകാശ് വിജയ് വര്‍ഗ്യ ബാറ്റെടുത്തത് വെറുതെയായി; കെട്ടിടം പൊളിച്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

സംഭവം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിമര്‍ശിച്ചതോടെ വലിയ വിവാദമായിരുന്നു.

ഇന്‍ഡോര്‍: ബിജെപിക്ക് നാണക്കേടുണ്ടാക്കിയ ആ കെട്ടിടം ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു. മധ്യപ്രദേശ് എംഎല്‍എ ആകാശ് വിജയ് വര്‍ഗ്യയുടെ അതിക്രമത്തോടെയാണ് ഈ കെട്ടിടം പൊളിക്കുന്നത് രാജ്യശ്രദ്ധയാകര്‍ഷിച്ചത്. ഈ കെട്ടിടം പൊളിക്കാന്‍ തയ്യാറെടുത്തതിനാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആകാശ് ആക്രമിച്ചത്. സംഭവം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിമര്‍ശിച്ചതോടെ വലിയ വിവാദമായിരുന്നു.

കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഉടമ ഭുരെ ലാല്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടികള്‍ സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് കെട്ടിടം പൊളിച്ചത്. അതേസമയം, മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് കെട്ടിടമുടമയ്ക്ക് താല്‍ക്കാലിക താമസയിടം ഒരുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗ്യയുടെ മകനും ബിജെപി എംഎല്‍എയുമായ ആകാശ് വിജയ്‌വര്‍ഗ്യ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് വിവാദങ്ങളുടെ തുടക്കം. പ്രതിപക്ഷം കനത്ത വിമര്‍ശനവുമായി രംഗത്തെത്തിയതോടെ ആകാശ് അറസ്റ്റിലുമായിരുന്നു.

Exit mobile version