അഹമ്മദാബാദ്: ഗാന്ധിയുടെ 150-ാം ജന്മവാര്ഷികഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് ബിജെപി. ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആണ് പ്രധാനമായും ലക്ഷ്യമിടുന്നതിന്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം പദയാത്രകള്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി വരുംദിവസങ്ങളില്‍ നടത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
തന്റെ മണ്ഡലമായ ഗാന്ധിനഗറിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘2022-ല്‍ നമ്മുടെ രാജ്യം 75-ാം സ്വാതന്ത്ര്യദിനവും ഗാന്ധിയുടെ 150-ാം ജന്മവാര്ഷികവും ആഘോഷിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ഏറ്റെടുക്കണം. പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 150 മണിക്കൂര്‍ നീളുന്ന പദയാത്ര രാജ്യത്തെ എല്ലാ ബൂത്തുകളിലും പ്രവര്‍ത്തകര്‍ നടത്തണം.’- അമിത് ഷാ പറയുന്നു.
ഗാന്ധിയുടെ ആശയങ്ങള്‍ ഉള്‍കൊണ്ട് കൊണ്ടു നടത്തുന്ന ഈ പദയാത്ര മറ്റുചില ധാരണകളില്‍ നിന്ന് മാറ്റം വരുത്തുവാന്‍ കൂടി വേണ്ടിയാണെന്ന് ഒരുകൂട്ടര്‍ വിമര്‍ശിക്കുന്നുണ്ട്. ഗാന്ധിഘാതകനായ നാഥുറാം ഗോഡ്സെയ്ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നുള്ള ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആ ആരോപണങ്ങളെ മറികടക്കുവാന്‍ കൂടി ഈ പദയാത്രയിലൂടെ സാധിക്കുമെന്നും ബിജെപി ലക്ഷ്യമിടുന്നുണ്ട്.