ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി എംഎല്‍എ ആകാശ് വിജയ്വര്ഗ്യയ്ക്കെതിരായി നടത്തിയ പരാമര്‍ശം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ്.
‘ഇത് കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. ആകാശ് വിജയ്വര്ഗ്യയ്ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും ആരാണ് പ്രധാനമന്ത്രി മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും വിലക്കുന്നത്?’ കോണ്‍ഗ്രസ് നേതാവായ ശോഭ ഓസ ചോദിക്കുന്നു. സാധാരണനിലയില്‍ ബിജെപി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രകീര്‍ത്തിക്കുകയാണ് പതിവ്. ഗാന്ധിയെ വധിച്ച ഗോഡ്സെയെ പിന്തുണച്ച പ്രജ്ഞ സിങ് താക്കൂറിനെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും ശോഭ ചൂണ്ടിക്കാണിച്ചു.
മുന്‍സിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ച ആകാശ് വിജയ്വര്‍ഗ്യയുടെ നടപടിയില്‍ പ്രധാനമന്ത്രി ഇന്ന് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ പ്രവര്‍ത്തി ചെയ്തത് ആരുടെ മകനാണെങ്കിലും അംഗീകരിക്കാനാകാത്തതാണെന്നും മോഡി പറഞ്ഞിരുന്നു. ഇന്നു രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവായ കൈലാഷ് വിജയ് വര്‍ഗ്യയുടെ മകനും എംഎല്‍എയുമായ ആകാശിനെതിരെ മോഡി പരാമര്‍ശം നടത്തിയത്.
എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രഹസനം മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ശോഭ ഓസയുടെ ആരോപണം.
Discussion about this post