ന്യൂഡല്‍ഹി: സ്വന്തം വസതിയില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെക്കുമെന്ന തീരുമാനം മാറ്റാതെ രാഹുല്‍ ഗാന്ധി.
രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന മുഖ്യമന്ത്രിമാരുടെ ആവശ്യം തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ രാഹുല്‍ തള്ളി. എങ്കിലും രാഹുല്‍ഗാന്ധിയോട് സ്ഥാനത്ത് തുടരണമെന്ന ആവശ്യത്തില്‍ സമ്മര്‍ദ്ദം തുടരുകയാണ് നേതാക്കള്‍.
രാജസ്ഥാന്, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് മുഖ്യമന്ത്രിമാരേയാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചത്.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രാഹുല്‍ ഗാന്ധിയെ പറഞ്ഞ് തിരുത്താന്‍ ശ്രമിച്ചെങ്കിലും തീരുമാനത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയായിരുന്നു എന്നാണ് സൂചന.
താനിപ്പോള്‍ ഒരു പുനഃചിന്തനം നടത്താനുള്ള സ്ഥിതിയില്‍ അല്ലെന്നും കുറച്ചുകൂടി മെച്ചപ്പെട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഫലം പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ പോലും പരാജയപ്പെട്ടു. ആരും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ രാഹുല്‍ പ്രശംസിക്കുകയും ചെയ്തു.
ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പകരം ബിജെപി തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്തത് വ്യാജദേശീയതയും കാവി വത്കരണവും ആയിരുന്നെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
Discussion about this post