ധോല്‍പൂര്‍: സഹപാഠിയെ മര്‍ദ്ദിച്ച കുറ്റത്തിന് ടിസി നല്‍കാനൊരുങ്ങിയ വിദ്യാര്‍ഥിയ്ക്ക് പ്രകൃതിസൗഹൃദ ശിക്ഷ. ധോല്‍പൂര്‍ ജവഹര്‍ നവോദയ സ്‌കൂളിലാണ് സംഭവം. ഒന്‍പതാംക്ലാസിലെ വിദ്യാര്‍ഥിക്കാണ് വ്യത്യസ്തമായ ശിക്ഷാനടപടി.
ടിസി നല്‍കി വിടാനായിരുന്നു സ്‌കൂള്‍ അധികൃതരുടെ തീരുമാനം. എന്നാല്‍ ശുപാര്‍ശ മുമ്പിലെത്തിയപ്പോള്‍ കളക്ടറാണ് ടിസി നല്‍കുന്നതിന് പകരം അഞ്ച് മരങ്ങളെ പരിപാലിക്കാനുള്ള ‘ശിക്ഷ’ നിര്‍ദേശിച്ചത്.
മൂന്ന് മാസം അഞ്ച് മരങ്ങളെ പരിപാലിക്കാനാണ് കുട്ടിയോട് ആവശ്യപ്പെട്ടത്. മരങ്ങളെ പരിപാലിക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള കുട്ടിയായി വളരുമെന്ന ചിന്തയിലാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഒന്‍പതാംക്ലാസിലെ വിദ്യാര്‍ഥി സഹപാഠിയായ മറ്റൊരു കുട്ടിയെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് കുട്ടിക്ക് ടിസി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു സ്‌കൂള്‍ അധികൃതര്‍. എന്നാല്‍ ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷ ജില്ലാ കളക്ടര്‍ നേഹ ഗിരിയാണ്. അവര്‍ ഇത് വിസമ്മതിക്കുകയും കുട്ടിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് ശിക്ഷയായി അഞ്ച് മരങ്ങളെ മൂന്ന് മാസം നട്ടു നനച്ച് പരിപാലിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചത്. കുട്ടിക്ക് ഒരു അവസരംകൂടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു പക്ഷേ ടിസി നല്‍കി വിട്ടയക്കുകയാണെങ്കില്‍ അത് കുട്ടിയുടെ ഭാവിയേയും പഠനത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന് കളക്ടര്‍ പറഞ്ഞു.