ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തി യോഗി ആദിത്യനാഥ്; ചോദ്യം ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടു, കാവല്‍ നിന്ന് പോലീസും

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തി.

ലഖ്നൗ: ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തിയ യോഗി ആദിത്യനാഥിനോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടതായി ആരോപണം. സന്ദര്‍ശനം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മടങ്ങിയതിനു ശേഷം മാത്രമാണ് മാധ്യമങ്ങളെ പുറത്ത് വിട്ടതുമെന്ന പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. പോലീസ് ആണ് കാവല്‍ നിന്നതെന്നും വിമര്‍ശനം ഉണ്ട്.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തി. യുപി സര്‍ക്കാര്‍ ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്നു പ്രിയങ്ക ട്വിറ്ററില്‍ തുറന്നടിച്ചു. ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയെ ചോദ്യങ്ങളില്‍ നിന്നൊഴിവാക്കി കൊടുക്കാനാണ് നടപടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം ജില്ലാ മജിസ്ട്രേറ്റ് തന്നെയാണ് വാതില്‍ തുറന്ന് കൊടുത്തത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ അത്രയും രാകേഷ് നിഷേധിച്ചിട്ടുണ്ട്. യോഗി ആദിത്യ നാഥിന്റെ മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ഡിനുള്ളില്‍ തിങ്ങിനിറഞ്ഞുവെന്നും ദയവായി മുഖ്യമന്ത്രിക്കൊപ്പം വാര്‍ഡിനുള്ളിലേക്കു പോകരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിക്കുക മാത്രമാണ് താന്‍ ചെയ്തതതെന്നും രാകേഷ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Exit mobile version