ന്യൂഡല്‍ഹി: നിപ്പാ പോലുള്ള പ്രതിസന്ധികളെ അതിജീവിച്ച കേരളത്തോട് വീണ്ടും ചിറ്റമ്മനയം സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നിപ്പാ പോലുള്ള സാംക്രമിക രോഗങ്ങളും അതോടൊപ്പമുള്ള വൈറസ് ബാധിത രോഗങ്ങളുടെയും പശ്ചാത്തലത്തില്‍ കേരളത്തിന് ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യം ശക്തമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറും ഈ ആവശ്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അവയെല്ലാം തള്ളുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടത്.
ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം ഉടനില്ലെന്നും പിന്നീട് ആലോചിക്കാമെന്നുമാണ് കേന്ദ്രം അറിയിച്ചത്. പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയിലാണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായ ഒരു സമയം പോലും പറയാതെ ഒഴുക്കന്‍ മട്ടിലായിരുന്നു പ്രതികരണം. എംപി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിന് കുമാര്‍ ചൗബേ.
ലാബിന്റെ കാര്യത്തില്‍ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. അതിനായുള്ള ഒരു നടപടികളും ആരംഭിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇപ്പോള്‍ തല്ക്കാലത്തേയ്ക്ക് കേരളം നേരിടുന്ന നിപ്പാ അടക്കമുള്ള പ്രതിസന്ധികള്‍ കണക്കിലെടുത്ത് എയിംസില്‍ നിന്ന് അടക്കമുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കുകയും കൂടുതല്‍ സൗകര്യങ്ങള്‍ കേരളത്തിന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും, അത് പര്യാപ്തമാണെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
Discussion about this post