സംബല്‍പുര്‍: ഒഡിഷ സംബല്‍പുരില്‍ വിവാഹവേദിയില്‍ മദ്യപിച്ചെത്തിയ വരനെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ യുവതിയെ ജില്ലാ ഭരണകൂടം അനുമോദിച്ചു. സംബല്‍പൂരില്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട 20കാരിയായ മമത ഭോയാണ് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തില്‍ വഴങ്ങാതെ സ്വന്തം നിലപാടില്‍ ഉറച്ച് നിന്നത്.
ഇതിനെ തുടര്‍ന്നാണ് യുവതിയെ ഒഡീഷ സംബല്‍പുര്‍ ജില്ലാ ഭരണകൂടം അഭിനന്ദിച്ചതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. നില്ക്കാന് പോലും സാധിക്കാത്ത വിധത്തില്‍ മദ്യപിച്ചെത്തിയ യുവാവിനെ കണ്ടപാടെ തനിക്ക് ഈ വിവാഹം വേണ്ടെന്ന് ഉറപ്പിച്ചുവെന്ന് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ യുവതി പറഞ്ഞു.
അയാള്‍ക്കൊപ്പം തനിക്ക് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് താന്‍ ഉറച്ച നിലപാട് സ്വീകരിച്ചതെന്നും തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും യുവതി പറഞ്ഞു. അതേസമയം
തന്റെ തീരുമാനം മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നൊന്നും കരുതിയിരുന്നില്ലെന്നും വിവാഹം മുടങ്ങിയതില്‍ തനിക്ക് നിരാശയല്ലെന്നും യോഗത്തില്‍ മമത പറഞ്ഞു.
നിര്‍ധന കുടുംബമാണെങ്കിലും മാതാപിതാക്കള്‍ തന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും യുവതി അനുമോദന യോഗത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ മറ്റൊരു യുവാവുമായി തന്റെ വിവാഹം നിശ്ചയം കഴിഞ്ഞുവെന്ന് യുവതി പറഞ്ഞു.
അതേസമയം പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശമാണ് മമത നല്‍കുന്നതെന്ന് സംബല്‍പുര്‍ എസ്പി സഞ്ജീവ് അറോറ പറഞ്ഞു. ജില്ലാ കളക്ടര്‍ ശുഭം സക്സേന യുവതിയെ പൊന്നാട അണിയിക്കുകയും 10,000 രൂപ പാരിതോഷികം നല്‍കുകയും ചെയ്തു.