ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്വിറ്റ്സര്‍ലാന്റ് സര്‍ക്കാര്‍ ആണ് അക്കൗണ്ട് മരവിപ്പിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തുടരെയുള്ള അഭ്യര്‍ത്ഥന അനുസരിച്ചാണ് അക്കൗണ്ട് മരവിപ്പിക്കാന്‍ സ്വിറ്റ്സര്‍ലാന്റ് തയ്യാറായത്.
നാലു മാസം മുന്‍പായിരുന്നു എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി സൂചന ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് മരവിപ്പിക്കാനുള്ള നീക്കം നടത്തിയത്. ആദ്യം ദുബായിയിലെ ഒരു ബാങ്കിലേക്കും പിന്നീട് ഹോങ്കോങ്ങിലേയ്ക്കും തുടര്‍ന്ന് സ്വിസ്സ് ബാങ്കിലേയ്ക്കും മാറ്റുകയായിരുന്നു എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പഞ്ചാബ് നാഷണല്‍ബാങ്കില്‍നിന്ന് 13,000 കോടി രൂപയാണ് തട്ടി നീരവ് മോദി രാജ്യം വിട്ടത്. തുടര്‍ന്ന് ലണ്ടനില്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. പിന്നാലെയാണ് മോദി അറസ്റ്റിലായത്. വാന്‍ഡ്വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് മോദി നാലാം വട്ടവും ജാമ്യത്തിനായി കോടതിയെ സമീപിക്കാനിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് തവണയും ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും അവയെല്ലാം കോടതി തള്ളുകയായിരുന്നു.
Discussion about this post