രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചുതന്നെ; നേതൃതലത്തില്‍ പ്രതിസന്ധി; തീരുമാനം മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് കെസി വേണുഗോപാല്‍

നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ പുനരാലോചനയ്ക്ക് പോലും അദ്ദേഹം തയ്യാറായിട്ടില്ല.

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി തീരുമാനത്തില്‍ ഉറച്ചു തന്നെ. ഇതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇന്നലെ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ രാജി തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് നേതാക്കള്‍ പലരും രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം അവഗണിക്കുകയായിരുന്നു അദ്ദേഹം എന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കണ്ടെത്തണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍.

ഹൈക്കമാന്‍ഡിലെ മുതിര്‍ന്ന നേതാക്കളും പുതിയ അംഗങ്ങളും രാഹുലിനോട് ആവശ്യപ്പെട്ടത് ഇക്കാര്യം തന്നെയായിരുന്നു. എന്നാല്‍, രാജിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് രാഹുല്‍ നിലപാടെടുത്തു. തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന മുന്‍നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ പുനരാലോചനയ്ക്ക് പോലും അദ്ദേഹം തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ നേതൃതലത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും വേണുഗോപാല്‍ പറയുന്നു.

Exit mobile version