കൊച്ചി: ട്രെയിനുകളില്‍ അപകടഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട അപായച്ചങ്ങലകള്‍ അനാവശ്യമായി വലിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി റെയില്‍വേ. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ചങ്ങല വലിക്കുന്നവരുടെ എണ്ണം കൂടിവരുന്നതോടെയാണ് റെയില്‍വേ നിയമനടപടിയിലേക്ക് കടന്നത്. ഒരുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
കോച്ചില്‍ വെള്ളമില്ലെന്നതുള്‍പ്പെടെയുള്ള നിസാരകാരണങ്ങള്‍ക്ക് പോലും ചങ്ങല വലിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് നിയമനടപടി. ഇത്തരത്തില്‍ ഈ വര്‍ഷം മേയ് വരെ തിരുവനന്തപുരം ഡിവിഷന് കീഴില്‍ 239 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരില്‍ നിന്ന് 1,13,600 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. അപകടഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട അപായച്ചങ്ങലകള്‍ ദുരുപയോഗം ചെയ്യുന്നത് ട്രെയിനുകള്‍ വൈകുന്നതിന് കാരണമാകുന്നതായി അധികൃതര്‍ പറയുന്നു.
സ്റ്റേഷനില്‍ ഇറങ്ങാനാകാതെ ഉറങ്ങിപ്പോകുക, ട്രെയിനിലെ ഫാനും ലൈറ്റും പ്രവര്‍ത്തിക്കുന്നില്ല,കൂടെയുള്ളവര്‍ക്ക് ട്രെയിനില്‍ കയറാന്‍പറ്റാതെ വരിക, വൈദ്യസഹായം, സാധനങ്ങള്‍ നഷ്ടമാകുക തുടങ്ങിയ സാഹചര്യങ്ങളിലാണ് യാത്രക്കാര്‍ അനാവശ്യമായി ചങ്ങല വലിക്കുന്നത്. ഇത്തരത്തില്‍ ചങ്ങല വലിച്ചതിന് ഈ വര്‍ഷം മേയ് വരെ 775 കേസുകളാണ് ദക്ഷിണ റെയില്‍വേ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇനിമുതല്‍ ചങ്ങല വലിച്ചതിന് മതിയായ കാരണം വ്യക്തമാക്കാന്‍ കഴിയാതെവന്നാല്‍ കര്‍ശന നടപടിയെടുക്കാന്‍ തന്നെയാണ് റെയില്‍വേയുടെ തീരുമാനം.
Discussion about this post