അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരുന്നു; കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി

തിരക്ക് നേരിടാന്‍ കേരള കര്‍ണാടക ആര്‍ടിസികള്‍ അമ്പതോളം അധിക സര്‍വീസുകളാണ് നടത്തുന്നത്.

ബംഗളൂരു: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ഇന്നും തുടരുന്നതിനാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. തിരക്ക് നേരിടാന്‍ കേരള കര്‍ണാടക ആര്‍ടിസികള്‍ അമ്പതോളം അധിക സര്‍വീസുകളാണ് നടത്തുന്നത്.

അതേസമയം, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതാക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. സാധാരണ ദിവസങ്ങളില്‍ ബംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാര്‍ വരെയാണ് കെഎസ്ആര്‍ടിസില്‍ കയറാറുള്ളതെങ്കില്‍ നാല് ദിവസമായി അത് 2500 കടന്നു. തിരക്ക് നേരിടാന്‍ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും സ്‌പെഷ്യല്‍ സര്‍വീസുകള്‍ തുടങ്ങി.

കണ്ണൂര്‍, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്‌പെഷ്യല്‍ സര്‍വീസുകളും ഫലം കാണുന്നുണ്ട്. 21 അധിക സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഉളള പെര്‍മിറ്റ് കൊണ്ട് സേലം വഴി കേരളത്തിന്റെ സ്‌പെഷ്യല്‍ വണ്ടികളും ഉണ്ടാകും. അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടര്‍ന്നാല്‍ കൂടുതല്‍ ബസുകളിറക്കാനാണ് കെഎസ്ആര്‍ടിസികളുടെ ആലോചന.

Exit mobile version