ഹൈദരാബാദ്: നടിയും മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായക കൂടിയായ വിജയ നിര്‍മ്മല(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ മാഞ്ചു മനോജ് ആണ് മരണ വിവരം പുറത്ത് വിട്ടത്. മികച്ച അഭിനേത്രിയാണ് നിര്‍മ്മല, എന്നാല്‍ അതിലുപരി മികച്ച സംവിധായിക കൂടിയാണ്. വ്യത്യസ്ത ഭാഷകളിലായി അവര്‍ 44ഓളം സിനിമകളാണ് സംവിധാനം ചെയ്തത്.
ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോഡ് കൂടി നിര്‍മ്മലയ്ക്ക് ഉണ്ട്. ശിവാജി ഗണേശനെ നായകനാക്കി സിനിമയെടുത്ത രണ്ട് വനിതാ സംവിധായകരില്‍ ഒരാളു കൂടിയാണ് വിജയ നിര്‍മ്മല. തമിഴ്നാട്ടില്‍ ജനിച്ച വിജയ നിര്‍മ്മല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയില്‍ എത്തുന്നത്. 1957 -ല്‍ തെലുങ്കില്‍ ബാലതാരമായാണ് സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം. ശേഷം എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീര്‍ എന്നിവരായിരുന്നു നായകന്‍മാര്‍.
റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി 25ഓളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കൃഷ്ണ മൂര്‍ത്തിയായിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട് തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയെ വിവാഹം കഴിച്ചു. ഇരുവരുടെയും പ്രൊഡക്ഷന്‍ കമ്പനിയായ വിജയകൃഷ്ണ മൂവിസ് വ്യത്യസ്ത ഭാഷകളിലായി പതിനഞ്ചു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. തെലുങ്ക് നടന്‍ നരേഷാണ് ഇവരുടെ മകന്‍.