മുംബൈ: യാത്രക്കാര്‍ക്ക് ഇനി തീവണ്ടിയില്‍ ഭക്ഷണം പാചകം ചെയ്യുന്നത് തത്സമയം കാണാം. സ്മാര്‍ട്ട് ഫോണിലൂടെയാണ് അടുക്കളയിലെ പാചകദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കുക.ഭക്ഷണപ്പൊതികളുടെ മേല്‍ ഘടിപ്പിക്കുന്ന ഡൈനാമിക് ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്യുന്നത് വഴി ഈ അവസരം ലഭ്യമാക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തീവണ്ടികളില്‍ നല്‍കുന്ന ഭക്ഷണപ്പൊതിയുടെമേല്‍ ഡൈനാമിക് ക്യുആര്‍കോഡ് പതിക്കും. യാത്രക്കാരുടെ സ്മാര്‍ട്ട് ഫോണില്‍ ഇത് സ്‌കാന്‍ ചെയ്താല്‍ അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും. ഇതിനായി ട്രെയിനുകളുടെ അടുക്കളയില്‍ ക്യാമറകള്‍ ഘടിപ്പിക്കും.
നേരത്തെ ‘ബുക്ക്’ ചെയ്യുന്ന ഭക്ഷണപ്പൊതികളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഡൈനാമിക് ക്യുആര്‍കോഡ് പതിക്കുകയുള്ളൂ. മുംബൈ-ഡല്‍ഹി രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ ഇതു പരീക്ഷണാര്‍ത്ഥം നടപ്പാക്കിത്തുടങ്ങി. ജൂലായ് അവസാനത്തോടെ പരീക്ഷണഘട്ടം അവസാനിക്കും. അതിനാല്‍ ഓഗസ്റ്റ് ആദ്യവാരത്തില്‍തന്നെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐആര്‍സിടിസി ഉദ്യോഗസ്ഥനായ സഞ്ജയ് ചക്രവര്‍ത്തി പറഞ്ഞു.