കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ശക്തിപ്രാപിക്കുന്നതിനെ ചെറുക്കാന്‍ പുതിയ തന്ത്രവുമായി തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി. ബിജെപിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ് മമതാ ബാനര്‍ജി. നിയമസഭയില്‍ സംസാരിക്കവേയായിരുന്നു മമത പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടത്.
‘ബിജെപിക്ക് വോട്ട് ചെയ്താല്‍ എന്താണ് സംഭവിക്കുകയെന്ന് ഭാട്പാരയിലെ ജനങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് തോന്നുന്നു നമ്മളെല്ലാവരും, ത്രിണമൂലും, കോണ്‍ഗ്രസ്സും, സിപിഎമ്മും ഒരുമിച്ച് ചേര്‍ന്ന് ബിജെപിക്കെതിരേ പോരാടണമെന്ന്. നമ്മള്‍ രാഷ്ട്രീയമായി ഐക്യപ്പെടണമെന്നല്ല ആ പറഞ്ഞതിനര്‍ഥം. പക്ഷെ ദേശീയ തലത്തിലെ സമാനമായ വിഷയങ്ങളില്‍ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം’, മമത ആവശ്യപ്പെട്ടു.
ബദ്ധശത്രുക്കളായ സിപിഎമ്മിനോട് ഇതാദ്യമായാണ് ഇത്തരമൊരു അഭ്യര്‍ത്ഥന മമത ബാനര്‍ജി മുന്നോട്ട് വയ്ക്കുന്നത്. സിപിഎമ്മിന്റെ 34 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് 2011 ലാണ് മമത ബാനര്‍ജി പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയത്.
ശേഷം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് തൃണമൂല്‍ വലിയൊരു മത്സരം നേരിട്ടത്. തൃണമൂല്‍ 22 സീറ്റ് നേടിയപ്പോള്‍ 18 ഇടത്ത് ബിജെപി വിജയിച്ചു. ഈ ഒരു തിരിച്ചടിയാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി
കൈകോര്‍ത്ത് ബിജെപിക്കെതിരേ നീങ്ങാന്‍ മമതയെ പ്രേരിപ്പിക്കുന്നത്.