ഇന്‍ഡോര്‍; നഗരസഭാ ഉദ്യോഗസ്ഥനെ നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മുന്നില്‍ വച്ച് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിച്ചതച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗിയയെ അറസ്റ്റ് ചെയ്ത്. സംഭവത്തില്‍ ആകാശിനെ കൂടാതെ പത്ത് പേര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
മധ്യപ്രദേശ് ഇന്‍ഡോറിലെ എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവായ വിജയ് വര്‍ഗിയയുടെ മകനുമായ ആകാശ് വിജയിയാണ് ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ പ്രതികരണവുമായി ആകാശ് വന്നിരുന്നു.
തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ച ആകാശ് ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികള്‍ തുടരുമെന്നും പറഞ്ഞു. ജനം വോട്ട് നല്‍കി ജയിപ്പിച്ച എംഎല്‍എ എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് ആകാശ് വര്‍ഗിയ പറഞ്ഞു.
ഇതൊരു തുടക്കം മാത്രമാണ്, ഞങ്ങള്‍ ഇവിടുത്തെ ഗുണ്ടായിസവും അഴിമതിയും അവസാനിപ്പിക്കും, ആദ്യം അഭ്യര്‍ത്ഥിക്കുക, അപ്പീല്‍ ചെയ്യുക, എന്നിട്ടും കേട്ടിട്ടില്ല എങ്കില്‍ അടിക്കുക എന്നാണ് ഞങ്ങളുടെ ആശയമെന്നും ആകാശ് പറഞ്ഞു.
നഗരസഭയിലെ കെട്ടിടം പൊളിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് അടിസ്ഥാനമെന്നാണ് ആകാശ് വിജയ് വര്‍ഗിയ പറഞ്ഞത്. കെട്ടിടം പൊളിച്ചതില്‍ നാട്ടുകാര്‍ ക്ഷുഭിതനായിരുന്നു. കെട്ടിട ഉടമ നഗരസഭയ്ക്ക് ആവശ്യമായ തുക നല്‍കാന്‍ തയ്യാറായിരുന്നു. ഈ കെട്ടിടത്തില്‍ നിരവധി പേര്‍ താമസിക്കുകയും ചെയ്യുന്നതാണ്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥനെ പല തവണ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ലെന്നും ആകാശ് പറഞ്ഞു.